മുപ്പത് കഴിഞ്ഞോ ശ്രദ്ധിക്കുക നിങ്ങളുടെ ഭക്ഷണം മാനസികാരോഗ്യത്തെ സ്വാധീനിക്കും
ഫാസ്റ്റ്ഫുഡും ശുദ്ധീകരിച്ച കാര്‍ബണുകളും കഴിക്കുന്നവരുടെ മാനസികാരോഗ്യം മോശമെന്ന് പഠനറിപ്പോര്‍ട്ട്. മോശം ഭക്ഷണക്രമത്തില്‍ നിന്ന് കൂടുതല്‍ മാനസിക പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുന്നത് സ്ത്രീകളില്‍ കൂടുതലാണ്. അതേസമയം നന്നായി വ്യായാമം ചെയ്യുന്നത് വഴി മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും അനാരോഗ്യകരമായ ഭക്ഷണത്തിന്റെ ദോഷം ഒരു പരിധി വരെ ഇല്ലാതാക്കാനും കഴിയും.
30 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് ആരോഗ്യകരമായ ഭക്ഷണക്രമം ഉത്കണ്ഠ, വിഷാദം, വിഷമം എന്നിവ ഒഴിവാക്കാന്‍ സഹായകമാകുമെന്നാണ് ഒരു ഹെല്‍ത്ത് ജേണലില്‍ വന്ന പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. ന്യൂയോര്‍ക്കിലെ ബിന്‍ഹാംടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ 30 വയസോ അതില്‍ കൂടുതലോ പ്രായമുള്ള 322 സ്ത്രീകളെയും 322 പുരുഷന്മാരെയും നിരീക്ഷിച്ചു. അവരുടെ ഭക്ഷണരീതി, ശാരീരിക പ്രവര്‍ത്തനങ്ങള്‍, മാനസികാവസ്ഥ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചായിരുന്നു പഠനം.
പരിപ്പ്, മത്സ്യം, ഇലക്കറികള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ പോസിറ്റീവ് മാനസികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ കണ്ടെത്തി. നേരെമറിച്ച്, ഫാസ്റ്റ് ഫുഡ് കഴിക്കുന്നതും പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും മാനസികാവസ്ഥ മോശമാക്കുമെന്നും പഠനത്തിലൂടെ കണ്ടെത്തുകയായിരുന്നു. ഈ ശീലങ്ങളുള്ള സ്ത്രീകളില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് പ്രതികൂല പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പഠനറിപ്പോര്‍ട്ടിലുണ്ട്. അനാരോഗ്യകരമായ ഭക്ഷണത്തിന് പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ അടിമകളാകുന്നത് സ്ത്രീകളാണെന്ന നിരീക്ഷണവും പഠനം നടത്തിയവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. അതേസമയം അനാരോഗ്യകരമായ ഭക്ഷണത്തിന്റെ വിപരീതഫലങ്ങള്‍ ശരിയായ വ്യായാമം വഴി കുറയുമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.